വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍

പണിയര്‍

കുറിച്യര്‍

തച്ചനാടന്‍ മൂപ്പന്‍

ബെട്ടകുറുമര്‍

മുള്ളുകുറുമര്‍

അടിയര്‍ (റാവുളര്‍)

കാട്ടുനായ്ക്കര്‍

കരിമ്പാലര്‍

എടക്കല്‍ - തൊവരി കൊത്തുച്ചിത്രങ്ങള്‍

അമ്പുകുത്തി മലയിലാണ് വയനാട്ടിലെ ഏറ്റവും പ്രാചീന ചരിത്രസ്മാരകമായ എടക്കല്‍ ഗുഹ നിലകൊള്ളുന്നത്. ഇവിടുത്തെ കൊത്തു ചിത്രങ്ങള്‍ ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ടവയാണെന്ന് കണക്കാക്കപ്പെടുന്നു. വിചിത്രമായ ശിരേലങ്കാരങ്ങളും ആഭരണങ്ങളുമണിഞ്ഞ മനുഷ്യരൂപങ്ങളും മാന്ത്രിക അനുഷ്ഠാനത്തില്‍ മുഴുകി നില്‍ക്കുന്ന മനുഷ്യരും മൃഗരൂപങ്ങളും മാന്ത്രികചിഹ്നങ്ങളും ഇതില്‍പ്പെടും. പില്‍ക്കാലത്ത് പ്രചീന തമിഴ് ലിപിയില്‍ എവുതപ്പെട്ട ‘പല പുലികളെ കൊന്നൊടിക്കിയവന്‍’ എന്നര്‍ത്ഥം വരുന്ന ‘പല്‍പ്പുലിതാനന്ദകരി’ എന്ന രേഖപ്പെടുത്തലും ഇവിടെ കാണാം. 1894-ല്‍ അന്നത്തെ മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന ഫോസെറ്റ് ആണ് ദക്ഷിണേന്ത്യന്‍ ചരിത്രത്തിലേക്ക് തന്നെ വെളിച്ചം വീശുന്ന എടക്കല്‍ ഗുഹാചിത്രങ്ങളെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.

എടക്കലിനു ശേഷമാണ് തൊവരി ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടതെന്നാണ് വിദഗ്ധാഭിമതം. എടക്കല്‍ ചിത്രങ്ങള്‍ കൊത്താന്‍ ഉപയോഗിച്ചതിനേക്കാള്‍ സൂക്ഷ്മവും കൂര്‍ത്തുനേര്‍ത്തതുമായ കല്ലുളികള്‍ കൊണ്ടാണ് ഇവിടെ ചിത്രീകരണം നടത്തിയിട്ടുള്ളത്. മാന്ത്രിക ചതുരങ്ങളും ചിഹ്നങ്ങളുമാണ് ഇതില്‍ കാണപ്പെടുന്നത്.

മഹാശിലാസംസ്കാരം

അമ്പുകുത്തി മലയുടെ താഴ് വരയിലുള്ള കുപ്പകൊല്ലി, ആയിരംകൊല്ലി എന്നിവിടങ്ങളിലും തൊവരി മലയ്ക്കും ചുള്ളിയോടിനും ഇടയിലുള്ള മംഗലംകാര്‍പ്പിലും ചെമ്പ്ര താഴ് വരയിലും മീനങ്ങാടിയിലെ പാതിരിപ്പാറയുടെ ചെരുവിലുമായി നൂറുകണക്കിന് മഹാശിലാസ്മാരകങ്ങള്‍ വയനാട്ടിലുണ്ട്. കറുപ്പും ചുവപ്പും മണ്‍പാത്രങ്ങളും ചാരമാര്‍ന്ന മണ്‍പാത്രങ്ങളും കുഴലുകളും കോപ്പുകളും അലങ്കാര പണികള്‍ ചെയ്ത മണ്‍കുടങ്ങളും അടക്കം ശിലായുഗ കാലഘട്ടങ്ങളുടെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ശവകുടീരങ്ങള്‍ ഇതോടകം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

Image

സംഘകാലം

സംഘകാലത്ത് ഏഴിമല നന്നൻ്റെ കീഴിലായിരുന്നു വയനാട്

ബി.സി. ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന സംഘങ്ങളെ കൃതികളില്‍ ഏഴിമല ആസ്ഥാനമാക്കി വാണ നന്നനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. വയനാട് ഏറെക്കാലം ഏഴിമല രാജവംശത്തിന്റെ അധീനതയിലായിരുന്നു. അക്കാലത്ത് കേരളത്തിന് വിദേശരാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഏലം, ദന്തം, പലതരം മുത്തുകള്‍, കുരുമുളക് എന്നിവ ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നു. എ.ഡി. 900-ത്തിനും 1500-നുമിടയിലുള്ള ഇന്ത്യന്‍ ഭൂഖണ്ഡത്തെക്കുറിച്ച് സഞ്ചാരിയായ അല്‍ ഇദ്രിസി എഴുതുന്നു. “ഇവിടം (വയനാടന്‍ മലകളില്‍) പല ജാതി വൃക്ഷങ്ങള്‍ വളരുന്നു. ഏലം ഇവിടെ സമൃദ്ധമായി വളരുന്നു. ഇവിടെ നിന്ന് അവ ധാരാളമായി കയറ്റി പോകുന്നുണ്ട്.

തിരുനെല്ലി

മധ്യകാല മണിപ്രവാള കൃതിയായ ഉണ്ണിയച്ചി ചരിതത്തിലെ വിവരണമനുസരിച്ച് വയനാട്ടിലെ തിരുനെല്ലി പതിനാലാം നൂറ്റാണ്ടിന് മുമ്പു തന്നെ ദക്ഷിണേന്ത്യയിലെ എണ്ണപ്പെട്ട പട്ടണങ്ങളില്‍ ഒന്നായിരുന്നു. വയനാട്ടിലെ വേലിയമ്പത്തിനടുത്തുള്ള താഴേക്കാവില്‍ നിന്ന് ലഭിച്ച ശിലാശാസനവും തിരുനെല്ലി ക്ഷേത്രത്തിലെ ചെമ്പ് ശാസനവും തമിഴകവുമായുള്ള വയനാടിന്റെ പഴയകാലബന്ധം വ്യക്തമാക്കുന്നു.

പുറൈക്കിഴാനാട്

സി.ഇ. 9 മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകളില്‍ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. വയനാട് ഉള്‍പ്പെടുന്ന പുറൈക്കിഴാനാട്. ഭാസ്കര രവിവര്‍മ്മയുടെ തുരുനെല്ലി ശാസനത്തില്‍ പുറൈക്കിഴാനാടിനെ പറ്റി പരാമര്‍ശമുണ്ട്.

മധ്യകാലഘട്ടത്തിലെ വീരക്കല്ലുകളും ആരാധനാവിഗ്രഹങ്ങളും

ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകങ്ങളാവാം വീരക്കല്ലുകളുടെ കാലമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കന്നുകാലികളുടെയും കാടുകള്‍ താണ്ടി കടന്നു പോകുന്ന ഇടയ ജനതയുടെയും വണിക്കുകളുടെയും സംരക്ഷണത്തിനായി പ്രാചീന സമൂഹങ്ങള്‍ ആരാധിച്ചിരുന്ന വീരന്മാരുടെ വഴിപാട് ബിംബങ്ങള്‍ കാടുകളില്‍ സ്ഥാപിച്ചതാവാം ഇവയെന്ന് കരുതുന്നു. അമ്മനാട്ടക്കാരികള്‍, സര്‍വ്വാഭരണവിഭൂഷിതകളായ സ്ത്രീകള്‍, ഭൈരവമൂര്‍ത്തി, പത്മാസനത്തില്‍ ഇരിക്കുന്ന പുരുഷവിഗ്രഹം എന്നിങ്ങനെ വഴിപാട് ബിംബങ്ങള്‍ വയനാട്ടിലെമ്പാടുമുണ്ട്.

Image
Image
Image
Image

ജൈന സാംസ്കാരിക മുദ്രകള്‍

തെക്കന്‍ കാനറയില്‍ നിന്നാണ് വയനാട്ടിലേക്ക് ജൈനമതത്തിന്റെയും സംസ്കാരത്തിന്റെയും ധാരകള്‍ ഒഴുകിയെത്തിയത്. ഓരോ സ്ഥലത്തും കൃഷി, വാണിജ്യം, മതാചാരങ്ങള്‍ എന്നീ മേഖലകളില്‍ നിലനിന്നിരുന്ന സമ്പ്രദായങ്ങള്‍ നവീകരിക്കുവാനും ജൈനസംസ്കാരത്തിന്റെ മുദ്രകള്‍ അവശേഷിപ്പിക്കുവാനും അവര്‍ക്കായി. വിജയനഗര കൊത്തുച്ചിത്രശൈലിയിലുള്ള സുല്‍ത്താന്‍ ബത്തേരിയിലെ കിടങ്ങനാട് ബസ്തി, പുത്തനങ്ങാടി ജനാര്‍ദ്ദനക്ഷേത്രം, മീനങ്ങാടിക്ക് അടുത്തുള്ള വിഷ്ണുഗുഡി എന്നിവ ജൈനമതത്തിന്റെ സാംസ്കാരികാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ഷേത്രങ്ങളാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ള സുസ്ഥാപിതമായ ഒരു കൃഷി സമ്പ്രദായം വയനാട്ടില്‍ പ്രചരിപ്പിച്ചത് ജൈനമതക്കാരാണ്. അക്കാലത്ത് വയനാടന്‍ വയലുകളില്‍ ജലസേചനത്തിനു വേണ്ടി അവര്‍ നിര്‍മ്മിച്ച ചിറകളും കുളങ്ങളും അണകളും കനാലുകളും സാംസ്കാരിക മുദ്രകളായി ഇന്നും നിലകൊള്ളുന്നുണ്ട്.

Image