വയനാടിന്റെ ചരിത്രപരമായ പൈതൃകത്തെയും പ്രകൃതി സൗന്ദര്യത്തെയും അനുഭവവേദ്യമാക്കുന്ന ഒരു പൈതൃക മ്യൂസിയം മ്യൂസിയം മൃഗശാലാ വകുപ്പിനു കീഴില്‍ ജില്ലയില്‍ ഒരുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കേരളം മ്യൂസിയമാണ് പ്രദര്‍ശന സംവിധാനമൊരുക്കിയത്. പതിനഞ്ച് പവലിയനുകളുള്ള മൂന്ന് സോണുകള്‍ മ്യൂസിയത്തിലുണ്ട്. വയനാട്ടിലെ ആദിവാസി ജീവിതത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ആദിവാസി വീടുകളും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തെ അടുത്തറിയാനുള്ള ഒരു ഇടവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഗോത്ര കലാകാരന്മാരുടെ സേവനങ്ങള്‍ മുതല്‍ക്കൂട്ടായുള്ള വയനാട് പൈതൃക മ്യൂസിയം, ജില്ലയുടെ ഭൂപ്രകൃതിയുടെയും ചരിത്രത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും പോരാട്ടങ്ങളുടെയും കരുത്തുറ്റ ഗോത്രജീവിതത്തിൻ്റെയും നേര്‍സാക്ഷ്യമാണ്.
മ്യൂസിയത്തിലെ ആദ്യ സോൺ വയനാടിൻ്റെ ജൈവ സാംസ്കാരിക വൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. വയനാടിൻ്റെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ, പ്രകൃതിവിഭവങ്ങൾ, ആദിവാസി സമൂഹങ്ങൾ, ചരിത്ര വസ്തുതകൾ എന്നിവയെക്കുറിച്ചുളള അടിസ്ഥാന വിവരങ്ങള്‍ ഈ സോണില്‍ ലഭ്യമാകും. ഗോത്ര പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന രണ്ടാമത്തെ സോൺ വയനാട്ടിലെ ആദിവാസി സമൂഹങ്ങളുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും വിവിധ മാധ്യമങ്ങളുടെ സഹായത്തോടെ വിവരിക്കുന്നു. 'പ്രകൃതിയുടെ താളം' എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ സോൺ ഗോത്ര ജനതയുടെ അതിജീവനം, ജീവിതോപാധികള്‍, പാരമ്പര്യ ചികിത്സാരീതികള്‍ എന്നിവ അവതരിപ്പിക്കുന്നു.