കൃഷിയിടം പാകപ്പെടുത്തുന്നതിനായി കുംഭമാസത്തിൽ കാടുവെട്ടിയിട്ട് ഒരു മാസത്തോളം ഉണക്കാൻ ഇടുന്നു. ഉണങ്ങിയ കാടുകൾക്ക് തീയിട്ട് വെന്ത ചാരം നല്ല വളമാക്കി പരുവപ്പെടുത്തും. പീന്നിട് കൈക്കോട്ട് ഉപയോഗിച്ച് കൃഷിസ്ഥലം വൃത്തിയാക്കി വിഷുവിന് മുമ്പേ തന്നെ വിതയ്ക്കും. വിത്തിട്ട ശേഷം അവയ്ക്ക് മേൽ പേരക്കുക്ക ഉപയോഗിച്ച് മണ്ണ് വിതറിയിടും. മഴപെയ്ത് ദിവസങ്ങൾക്കുള്ളിൽ കളയും കാടും എല്ലാം പൊടിച്ചു വരുമ്പോൾ നീക്കം ചെയ്യുന്നതാണ് ആദ്യത്തെ കളപറിക്കൽ. നെല്ല് പുറത്തുവരുന്ന സമയത്ത് രണ്ടാമത്തെ കള പറിക്കൽ നടത്തും. പാൽതൊണ്ടി , കൊട്ടത്തൊണ്ടി, മരത്തൊണ്ടി, ചോമാല, കൂട്ടിവെളിയൻ, മരനെല്ല്, ഗന്ധകശാല, ജീരകശാല തുടങ്ങിയ നെല്ലിനങ്ങളാണ് കുറിച്യർ കൃഷി ചെയ്യുന്നത്.