അടിയരുടെ കുഴിമാടത്തിന് കിടക്കെ കണ്ടി എന്നാണ് പറയാറ്. മുള തല്ലി ഉണ്ടാക്കുന്ന കട്ടിലിലാണ് ജഡം കിടത്തുക. ശവം മറവു ചെയ്തശേഷം നദിയിൽ കുളി കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി വള കൊടുക്കൽ നടത്തും. മരിച്ചതിന്റെ അടുത്ത ദിവസം കുറി പുല നടത്തും. കാട്ടുനായ്ക്കർ മൃതദേഹത്തിനൊപ്പം മരിച്ചയാൾ ഉപയോഗിച്ചിരുന്ന വസ്ത്രം, ആയുധം, പാത്രങ്ങൾ മുതലായവയും മറവു ചെയ്യും. മരിച്ചതിന്റെ ഏഴാം നാൾ പുല തീർക്കൽ ഉണ്ട്. കുറുമ വിഭാഗങ്ങൾക്കും ചുടലയുണ്ട്. പായയിൽ മൂടിയ മൃതദേഹം ഒരു മുളയിൽ കെട്ടി തൂക്കി രണ്ടഗ്രവും ആളുകൾ ചേർന്ന് പിടിച്ചാണ് ചുടലയിൽ കൊണ്ടു പോകുന്നത്. മൃതദേഹത്തിന് അരികിൽ അമ്പ്, വില്ല്, കത്തി, അരിവാൾ എന്നിവ വയ്ക്കാറുണ്ട്. മരിച്ചതിന്റെ അഞ്ചാം നാളിനോ ഏഴാം നാളിനോ അടിയന്തിരം നടത്തും.